Saturday, June 1, 2013
Friday, August 26, 2011
കട്ടപ്പല്ല്
Saturday, August 20, 2011
പതിവുകള്‍ക്കപ്പുറം...!
Thursday, January 13, 2011
നടുപ്പേജ്
Monday, November 22, 2010
ആത്മീയത
ടവ്വല്‍
അവളുടെ
കയ്യിലെപ്പോഴും
ഞൊറി ഞൊറിയായി
റോസ് പൂവ് പോലെ
ചുരുണ്ടിരിയ്ക്കും.
കാത്തിരുന്ന്
കാണാതെ മടങ്ങുമ്പോള്‍
ഇരിപ്പിടത്തില്‍
അടയാള വാക്യമായി
ഞാന്‍ വന്ന് പോയെന്നു പറഞ്ഞ്
നേര്‍ത്ത കാറ്റില്‍
വിറച്ചിരിയ്ക്കും.
നഷ്ട ബോധത്തോടെ
കയ്യിലെടുത്താല്‍
വിയര്‍പ്പിന്‍റെ
ഉമിനീരിന്‍റെ
കണ്ണീരിന്‍റെ
സുഗന്ധത്താല്‍
പോട്ടെ,പിന്നെക്കാണാമെന്നു ചൊല്ലി
അതെന്നെ
ആശ്വസിപ്പിച്ചു കൊണ്ടിരിയ്ക്കും...!
സെക്കന്‍റ് ഷോ
ഇടവഴിയില്‍
മരണത്തിന്‍റെ അപാരമായ തണുപ്പിനെ
തൊട്ടു കാണിച്ച്
അണലി
നീണ്ടു നീണ്ടു പോവുന്ന ജീവിത നാടകത്തെ
കളിയാക്കും.
വേലിപ്പടര്‍പ്പിലെ മിന്നാ മിന്നാ മിനുങ്ങുകള്‍
അവളുടെ കണ്ണുകളെയോര്‍മിപ്പിക്കും...
പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയൊന്നുമില്ലാത്ത
വവ്വാല്‍
തല കീഴായും ചെരിഞ്ഞും മറിഞ്ഞുമൊക്കെപ്പറന്ന്
സ്വാതന്ത്ര്യത്തെക്കുറിച്ച് ചിലച്ച്
ഇലക്ട്രിക് ലൈനില്‍
കത്തിക്കരിയും.
നരച്ച റോഡിന്
കാറ്റില്‍ വീണ പൈന്‍ പൂവുകള്‍
വെളുത്ത കസവ് തുന്നുന്നത് കാണാം.
മഞ്ഞിലലിഞ്ഞുയരുന്ന മാദക സുഗന്ധം
ഏതു യക്ഷിയുടെ വിയര്‍പ്പാവുമെന്ന് ചിന്തിയ്ക്കും.
പ്‌രാന്തത്തിപ്പാറു
ആരും വലിച്ചു കൊണ്ട് പോവാതിരിക്കാന്‍
പീടികത്തിണ്ണയെ മുറുകെപ്പുണരും.
തെരുവ് മതിലില്‍
വെള്ളം ചേര്‍ത്ത നിറത്താല്‍
സഖാക്കളെഴുതേണ്ടി വരുന്നത് കാണുമ്പോള്‍
തണുപ്പിലും തൊണ്ട വരളും.
ഇരിപ്പിടത്തിലെ മാന്യതയെക്കുറിച്ച്
എഴുതിക്കാണിക്കുമ്പോള്‍
അടുത്തിരിക്കുന്നവന്‍
മുമ്പിലിരിക്കുന്നവളുടെ പാദസരം
കൊളുത്തി വലിയ്ക്കും.
രണ്ടറ്റങ്ങളിലിരിക്കുന്ന കമിതാക്കള്‍
മുടി മാടുന്ന പോലെ നടിച്ച്
മനസ്സ് കൈ മാറും.
കരയുന്ന കുഞ്ഞിനെയെടുത്ത്
ഒരുവന്‍
കടല മിട്ടായി വാങ്ങാന്‍ പോവും.
കുടിയന്‍ വാസു
അവാര്‍ഡു മോഹമൊന്നുമില്ലാതെ
പുതിയ തിരക്കഥകള്‍ രചിക്കും...
തിരിച്ചു നടക്കുമ്പോള്‍
കരവുകാരി ശാന്തെടത്തിയുടെ
അടുക്കള വാതില്‍ കരയുന്നതും
പലിശക്കാരന്‍ അണ്ണാച്ചിയുടെ
നിഴല്‍ രൂപം
അകത്തേക്ക് കയറിപ്പോവുന്നതും കാണും.
വീട് ഉറങ്ങിയിട്ടുണ്ടാവും.
ആരെയും ഉണര്‍ത്തരുത്.
രാവിലെ
അനിയത്തി കഥ ചോദിയ്ക്കും...
പറയണം;
സിനിമ
ജീവിതത്തോളം വരില്ലെന്ന്...!
മുദ്ര മോതിരം
ലോഡ്ജ്ജ്
മുറിയെടുക്കുമ്പോള്‍
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കും മുമ്പ്
മുറിയിലെ
ചുവരിലോ
വാതില്‍പ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്ന പൊട്ടിരിക്കുന്നുണ്ടോ
എന്നു മാത്രം നോക്കുക...
മറ്റാരും "തൊടാതിരിക്കാന്‍"വേണ്ടി
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ്
ജീവനില്‍ നിന്നും
അവള്‍
പറിച്ചു വെച്ചതാവും അത്...!
കല്ല്യാണ സൌഗന്ധികം
തേയ
ചിരട്ടകള്‍
കണ്ണും മൂക്കും വായും തുറക്കും മുമ്പേ
മരണത്തിലേക്ക് പിച്ച വെച്ചു പോയ
കുഞ്ഞുങ്ങളുടെ തലയോട്ടികള്‍ പോലെ
ചിരട്ടകള്‍.
കയ്യിലെടുത്തു മുഖത്തോടു ചേര്‍ത്താല്‍
പൊക്കിള്‍ക്കൊടിയിലൂടെ
ഈമ്പി വലിച്ച
പാല്‍ത്തുള്ളികളുടെ മണം
വിടരാത്ത ചുണ്ടുകളില്‍ നിന്നും
നമ്മുടെ മൂക്കുകളിലേക്ക് കയറുമോ...?
മണ്ണപ്പം ചുട്ടതും
ചോറും കറിയും വെച്ചതും
ചിരട്ടകളില്‍...
ഉണ്ടില്ലെങ്കിലും നമ്മളുണ്ടാക്കിയ വിഭവങ്ങള്‍ക്ക്
എന്തൊരു രുചിയായിരുന്നു ...?
ഒരിക്കലും
നമ്മുടെ അടുപ്പുകള്‍ പുകയാതിരുന്നില്ല.
പാദസരമിട്ട
നിന്‍റെ വെളുത്ത കാലുകളില്‍
ഞാന്‍ പൊട്ടിച്ച പടക്കത്തോടൊപ്പം വന്ന
ചിരട്ടച്ചീളുകള്‍
ഉമ്മ വെച്ചതിന്‍ നീലിച്ച പാടുകള്‍...
നേരിട്ട് തരാന്‍ കഴിയാതിരുന്ന
പ്രണയക്കുറിപ്പുകള്‍
നിന്‍റെ വേലിക്കരികിലെ
ചിരട്ടകല്‍ക്കടിയില്‍ക്കിടന്ന്
എന്‍റെ തലച്ചോറ് പോലെ തിളച്ചു മറഞ്ഞു.
നിന്‍റെ പേരു കൊത്തി നീ തന്ന മോതിരം
ഒരു ചിരട്ടത്തുണ്ടിനാല്‍...
നിന്‍റെ കല്ല്യാണത്തിനു തലേന്ന്
ഞാന്‍ തന്ന കളിപ്പാവയും
ചിരട്ടയാല്‍ തീര്‍ത്തത്...!
എനിക്കു വേണ്ടി
ഞാനൊരുക്കിയ ചിതയില്‍
നമുക്ക് പിറക്കാതെ പോയ
കുഞ്ഞുങ്ങളുടെ മുഖമുള്ള
ചിരട്ടകള്‍...
അവ നമ്മെ നോക്കി
നിര്‍ത്താനാവാതെ നിലവിളിക്കുന്നത്
നീ കേള്‍ക്കുന്നുണ്ടോ...?
Sunday, November 21, 2010
കെണി
Saturday, November 20, 2010
തോന്നല്‍
പായ മടക്കി വെയ്ക്കുമ്പോള്‍
അടിച്ചു വാരുമ്പോള്‍
പാത്രം കഴുകുമ്പോള്‍
വിറകെടുക്കുമ്പോള്‍
അരി ചേറുമ്പോള്‍
അരയ്ക്കുമ്പോള്‍
അലക്കുമ്പോള്‍
മീന്‍ മുറിക്കുമ്പോള്‍
വെള്ളം കോരുമ്പോള്‍
തല തോര്‍ത്തുമ്പോള്‍
വറവിടുമ്പോള്‍
എനിക്കെഴിതാന്‍ വേണ്ടി
കടലാസു ചീന്തുമ്പോള്‍
ഒക്കെ,
ആരോ വിളിച്ചതായി
അവള്‍ക്ക് തോന്നുമത്രേ...
വെറുതേ
കാതോര്‍ത്തു കാതോര്‍ത്തു
നില്‍ക്കുന്നത് കാണുമ്പോള്‍
സങ്കടം തോന്നും...
എന്നെങ്കിലും
എനിയ്ക്കവളെ
ഒരു തോന്നലല്ലാത്ത രീതിയില്‍
വിളിയ്ക്കണം...!
അയ്യങ്കാളി
ബുദ്ധി ജീവിയായതില്‍ പിന്നെ
പയ്യന്‍
സവര്‍ണ്ണതയ്ക്കെതിരെ
ആഞ്ഞടിക്കാറുണ്ട്...
കെ.പി.നമ്പൂതിരീസ് പല്‍പ്പൊടി
വായിലിട്ട്
ചവച്ചരച്ചു തുപ്പിയാണ്
ഇന്നലെ
ഒറ്റയടിക്ക്
സാമൂഹ്യ പരിഷ്കര്‍ത്താവായി
ഉയര്‍ന്നത്...!
(സമര ചരിത്ര രാഷ്ട്രീയ ബോധമില്ലാത്ത ഉടന്‍ വിപ്ലവകാരികളായ കാഞ്ചാ ഏലയ്യ മുതല്‍ ളാഹ ഗോപാലന്‍ വരെയുള്ള വിപ്ലവ ശിങ്കങ്ങള്‍ക്ക്...!!!)
മറന്നു വെച്ചവ...
ഈര്‍ക്കിള്‍,ഉമിക്കരി
തോര്‍ത്തു മുണ്ട്
എത്ര വാസനിച്ചാലും മടുക്കാത്ത
ചന്ദ്രികാ സോപ്പ്
വെളിച്ചെണ്ണ,രാസ്നാദിപ്പൊടി...
യാത്ര പോവുമ്പോള്‍
അവള്‍ തന്നെയാണ്
എല്ലാം
ഒരുക്കിത്തരാര്...
എങ്കിലും
പടിയിറങ്ങുമ്പോള്‍
ചോദിക്കും;
എന്തേലും മറന്നിട്ടുണ്ടോ എന്ന്.
മറന്നു വെച്ചവ
യാത്രയില്‍
മനസ്സിലെയ്ക്കോടിയെത്തും,
കുടുക്കിട്ടു തന്ന വിരല്‍ത്തുമ്പ്
ഞാനുമ്മ കൊടുക്കാറുള്ള
അവളുടെ പിന്‍ കഴുത്ത്
പാതി പറഞ്ഞു കൊടുത്ത
മോന്‍റെ വഴിക്കണക്ക്
നുള്ള് കൊടുത്ത
മോളുടെ കവിള്‍ചുവപ്പ്...
കാത്തിരിക്കും കൂമ്പിലക്കണ്ണുകള്‍
കാലൊച്ച കൊതിക്കും ചെവിപ്പൂവുകള്‍.
വയല്‍ വരമ്പ്
ഒതുക്കു കല്ലുകള്‍,കിണ്ടി
തോര്‍ത്തു നീട്ടും
കൈ വളച്ചിലമ്പലുകള്‍...
അങ്ങനയങ്ങനെ
ഓടി വന്നൊക്കത്തു കയറും
ഓര്‍മകളെത്ര...?
'ലാവിഷ്'കാരം...!
ഇവിടെയുണ്ടു ഞാ-
നെന്നറിയിക്കുവാന്‍
വെറുമൊരു-
മിസ്സ്‌ഡു കോള്‍ മാത്രം മതി...
ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതിന്,
'കോണ്ട'മൂരിയിട്ടതിന്‍
കാഴ്ച മാത്രം മതി...
ഇനിയുമുണ്ടാകു-
മെന്നതിനു സാക്ഷ്യമായ്
റൂമു ബുക്കു ചെയ്തതിന്‍
ചീട്ടു മാത്രം മതി...
ഇതിലുമേറെ
ലളിതമായ്
നമ്മളാവിഷ്കരി-
ക്കുന്നതെങ്ങിനെ ജീവിതം...???
(ശ്രീ.പി.പി.രാമചന്ദ്രന്റെ ലളിതം എന്ന കവിതയോട് കടപ്പാട്)
Thursday, November 18, 2010
സാരി
പേര്
അല്ഷിമേഴ്സ്
അകമേ ബോധമുള്ളവര്‍
പുറമേ ബോധമില്ലാത്തവരായി
നടിക്കേണ്ടി വരുന്നത്
ഒരു രോഗമല്ല;കടിനമായ ദുര്യോഗമാണ്.
പരാജിതനായ കാമുകനും വിപ്ലവകാരിക്കും
കുടുംബനാഥനുമൊക്കെ
ഈ രോഗം ഒരനുഗ്രഹമാണ്.
അവളെ മാത്രം കണ്ടിരുന്ന അകക്കണ്ണ്‍കളില്‍
അവളുടെ ഒരു കാക്കാപ്പുള്ളിപോലും
കടന്നു വരാതെ സൂക്ഷിക്കേണ്ടത്
എത്ര ശ്രമകരമാണ്...?
തൊണ്ട പൊട്ടി വിളിച്ച മുദ്രാവാക്ക്യങ്ങള്‍
ഒരു എക്കിളായെങ്കിലും
പുറത്തേക്ക് വരുമ്പോള്‍
അകത്തേക്ക് വലിച്ചു പിടിക്കേണ്ടി വരുന്നത്
എത്ര വലിയ പിന്‍ മടക്കമാണ്...?
ഓരോ മൂലയിലെയും മാറാല
താന്‍ മാത്രം തട്ടിയിരുന്ന വീട്ടില്‍
കൊള്ളപ്പലിശക്കാര്‍ വലിയ വല വിരിച്ച്
ഇണയെപ്പോലും ഇരയാക്കുന്നത് കാണുമ്പോള്‍
കണ്ണടച്ചിരിക്കേണ്ടി വരുന്നത്
ജീവിക്കാനുള്ള കൊതി കൊണ്ടല്ല,
മരിക്കുവാനുള്ള പേടി കൊണ്ടാണെന്ന്
തുറന്നു പറയേണ്ടി വരുന്നത്
എത്ര മാത്രം സങ്കടകരമാണ്...?
അല്ഷിമേഴ്സ് ഒരു രോഗമല്ല;
നിസ്സഹായമായ അവസ്ഥകളില്‍
അകം വലിയാനുള്ള ഒരുപാധിയാണ്...!
അടുക്കള
ഇടയന്‍
പിണക്കം
നോക്കുമ്പോള്‍
നോക്കില്ല.
മിണ്ടുമ്പോള്‍
മിണ്ടില്ല.
എഴുന്നേറ്റു പോയാല്‍
ഞാനിരുന്നെടത്തു വന്ന്
അവളിരിയ്ക്കും.
കുടിച്ചു വെച്ച ചായ ഗ്ലാസില്‍
ആരും കാണാതെ ഉമ്മ വെയ്ക്കും.
കുത്തിക്കുറിച്ചിട്ട കടലാസില്‍
അവളെ തിരയും.
സ്വയം ചോദിക്കും
ഇനിയെപ്പോള്‍ വരുമെന്ന്...?
വന്നാല്‍,
അവളെന്നെ
കണ്ടതായേ
നടിയ്ക്കില്ല.
എന്തേലും ചോദിച്ചാല്‍
മറുപടി പറയാതെ,
മുടി മെടഞ്ഞു മെടഞ്ഞങ്ങനെ
ഇഴയടുപ്പിക്കാന്‍ നോക്കും.
അവളുടെ കയ്യില്‍ നിന്നും
തെറിച്ചു പോയ
റബ്ബര്‍ ബാന്റു പോലെ
അരികിലെങ്ങോ
അവള്‍ കണ്ടെത്തുന്നതും കാത്ത്
ഞാനപ്പോഴും...!
ചിറാപുഞ്ചി
കുറത്തി
Wednesday, November 17, 2010
വേനല്‍
വരണ്ട വേനലിന്‍റെ തുഞ്ചത്ത്
ഒരിളം കാറ്റിനെപ്പോലും
പേടിച്ചു കൊണ്ട്
എങ്കിലും
ഒറ്റക്കാലുറപ്പിച്ച് ഒരില...
കാറ്റ് വന്ന്
ഇലയോടെന്തോ ചോദിക്കുന്നു.
ഇല ഒന്നും മിണ്ടാതെ
വീര്‍പ്പടക്കി വിറച്ചു നില്‍ക്കുന്നു.
ആ നില്‍പ്പിന്
ഒരു മറുപടിയില്ലായ്മയുടെ
ഊര്‍ജ്ജം മാത്രം കാവല്‍...
എങ്കിലും ഇല,
വരാന്‍ പോകുന്ന ഋതുക്കളില്‍
ഒരു പൂമ്പാറ്റയെ പ്രസവിക്കുമെന്ന്
സ്വപ്നം കാണുന്നു.
കാറ്റ് ഇലയോട് വീണ്ടുമെന്തോ
ക്രൂരമായി ചോദിക്കുന്നു.
മറുപടി പറയാനാവാതെ
ഇല കാലിടറി
താഴേക്ക്...താഴേക്ക്...!
കാറ്റ് വന്ന്
ഇലയെ തൊട്ടുനോക്കുന്നു...
ഇലയനങ്ങുന്നില്ല.
കാറ്റ് ചുറ്റും നോക്കുന്നു.
കുറേ മണ്‍തരികള്‍ ഓടി വരുന്നു...
കാറ്റ് ആരും കാണാതെ ഒളിക്കുന്നു;
നിഴല്‍
സ്വന്തം ശരീരത്തിലെന്ന പോലെ...!
കുചേലന്‍
ഇഷ്ടം
എഞ്ചുവടി
ചൂണ്ട
പാലത്തിനു മുകളില്‍
കൊറ്റിയെപ്പോലെ
ഏകാഗ്രമായി
താഴേക്കുനോക്കി
ഒരാള്‍...
തൊണ്ടയില്‍ കുരുങ്ങിയ ചൂണ്ട
വേര്പെടുത്തിത്തരൂയെന്ന്‍
വേദനയുടെ ഭാഷയില്‍
ഒരു മീന്‍,
പിടഞ്ഞു പിടഞ്ഞു പറയുന്നത്
അര്‍ത്ഥം ചോര്‍ന്നു പോവാതെ,
വിരലില്‍ ചുറ്റിയ നൂല്‍
അയാളിലേക്ക്
കൃത്യമായി
തര്‍ജ്ജമ ചെയ്യുന്നു...
പെട്ടന്ന്
ചീറി വന്ന വാഹനം
അയാളെ
ചതച്ചരച്ച്
കൈ വരികള്‍ക്കിടയിലൂടെ
പുഴയിലെക്കൊരിരയായിട്ടു കൊടുക്കുന്നു...
കൈ വിരലില്‍ നിന്നും
അറ്റ് പോവാത്ത നൂലുമായി
അയാള്‍
മീനിനോടൊപ്പം...
അതേ പുഴയുടെ ഏതോ കടവില്‍
അയാളുടെ അമ്മ മുഖം കഴുകുമ്പോള്‍
അറിയാതെയിറക്കിപ്പോയ
ഒരു തുള്ളി വെള്ളം
ചൂണ്ടത്തണ്പ്പ് പോലെ
അവരുടെ തൊണ്ടയില്‍
തറച്ചു നില്‍ക്കുന്നു...
വേട്ട
കോപ്പി ബുക്ക്
ജീവിതമേ...
ചെവി ചേര്‍ത്തുവെച്ചാല്‍...
വീട്ടിലെ
പഴയ വാതിലില്‍
ചെവി ചേര്‍ത്തു വെച്ചാല്‍
കേള്‍ക്കാം
ചില ശബ്ദങ്ങള്‍...
വിത്ത്
വിണ്ടു കീറുന്നതിന്റെ,
വേരുകളിലൂടെ
വെള്ളം
തണ്ടുകളിലേക്ക്
വിരുന്നു പോവുന്നതിന്റെ,
ഇലകള്‍,പൂവുകള്‍,കായകള്‍
വിരിയുന്നതിന്റെ,കൊഴിയുന്നതിന്റെ....
ഇലകള്‍
വെയിലില്‍
കിതക്കുന്നതിന്റെ,
മഴയില്‍ വിറക്കുന്നതിന്റെ,
മഞ്ഞില്‍ ഉമ്മ വെക്കുന്നതിന്റെ,
കാറ്റില്‍ പൊട്ടിച്ചിരിക്കുന്നതിന്റെ,
നിലാവില്‍ നക്ഷത്രങ്ങളെന്നുന്നതിന്റെ,
ഇരുളില്‍ കിടന്നുരുളാതെ
പതിയെ കൂര്‍ക്കം വലിക്കുന്നതിന്റെ,
പുഴുക്കള്‍ മൌന ജാഥ പോവുന്നതിന്റെ,
പുളിയനുരുമ്പുകള്‍ റൂട്ട് മാര്‍ച്ചു നടത്തുന്നതിന്റെ,
പശു കെട്ടഴിക്കാന്‍ നോക്കുന്നതിന്റെ,
കുയിലുകള്‍ പാട്ട് പാടുന്നതിന്റെ,
കുട്ടികള്‍ ഊഞ്ഞാലാടുന്നതിന്റെ,
കമിതാക്കള്‍ നഖ മുനകള്‍ കൊണ്ട്
പ്രണയ ലേഖനമെഴുതുന്നതിന്റെ,
തൂങ്ങിച്ചാവുന്നവന്‍ കൈ കാലിട്ടടിക്കുന്നതിന്റെ,
മഴു വീഴുന്നതിന്റെ,
ഈര്‍ച്ച വാള്‍ കയറിയിറങ്ങുന്നതിന്റെ,
ചിപ്ലി വലിക്കുന്നതിന്റെ...
അങ്ങിനെയങ്ങിനെ
മരം
വാതിലാവുന്നതിന്റെ,
അടയാത്ത
തഴുതിട്ടു പൂട്ടാനാവാത്ത
ശബ്ദങ്ങള്‍...
പുതിയ വാതിലുകളില്‍
ചെവിയെത്ര ചേര്‍ത്താലും
ഒരനക്കവുമറിയുന്നില്ല...
പോളിഷ് പാടകള്‍ക്കടിയില്‍ക്കിടന്ന്
ശബ്ദങ്ങള്‍
ഇട നെഞ്ചിലെ
പുറത്തു വരാനാവാത്ത
വിതുമ്പല്‍ പോലെ
ശ്വാസം മുട്ടുന്നുണ്ടാവുമോ...?
കൂട്ടുകാരന്‍
നാലുമണിപ്പൂവ്
ജപ്തി
പടിയിറങ്ങിക്കൊടുക്കാന്‍ നേരം
അമ്മ
തെക്കെത്തൊടിയില്‍ നിന്ന്
അച്ഛന്‍റെ കാലില്‍ പുരണ്ട
ഒരു പിടി മണ്ണു വാരി
മാറോടണയ്ക്കും...
കരയുമെന്ന് തീര്‍ച്ചയായാല്‍
കോഴിക്കൂടടക്കാന്‍ മറന്നെന്ന്
കാലമോര്‍ക്കാതെ ചൊല്ലി
പിടഞ്ഞു പിന്‍വാങ്ങും...
അനിയത്തി
അവസാനത്തെ ചെമ്പകപൂവിറിത്
ഹായ് എന്തു മണമെന്നു പറഞ്ഞ്
മുടിയിലൊളിപ്പിക്കാന്‍ ശ്രമിക്കും...
അതിലെ കണ്ണുനീര്‍
മഞ്ഞു തുള്ളിയെന്ന് പറഞ്ഞ്
അയല്‍ക്കാര്‍ക്ക് കാണിക്കും...
ഞാന്‍
ആരും ജപ്തി ചെയ്യാത്ത
നൊമ്പരങ്ങളുടെ
പലിശയും കൂട്ട് പലിശയും
വഴിക്കണക്കായി കണ്ടെടുക്കും...
ഔചിത്യം
Tuesday, November 16, 2010
മൌനം
കറുപ്പ്
കറുപ്പുടുത്തത്തില്‍ പിന്നെ
അവളെ
കണ്ടതായേ
നടിക്കാറില്ല...
ഇടവഴിയില്‍
ബസ് സ്റ്റോപ്പില്‍
കാന്റീനില്‍
ഒക്കെ
ഞാനൊന്ന് നോക്കുന്നതും കാത്ത്
അവള്‍ നില്‍ക്കുന്നത്
ഇടംകണ്ണ് കൊണ്ട്
കാണാറുണ്ട്...
മാതമേ,
പരസ്പര പ്രേമമല്ലോ
വിഭാവനം ചെയ്യുന്നത്...?
ഞാനൊന്നവളെ
കണ്ടതായെങ്കിലും നടിച്ചോട്ടെ...?
അയ്യപ്പനാണെ സത്യം;
മുറിയ്ക്കില്ല,
നോമ്പ്...ഹൃദയം...!
കുഴി നഖം
ജൂണ്‍
വേദന
മറുക്
ഉടലിലെ
ദ്വീപാണ് മറുക്…
കവികളും കാമുകന്മാരും
കലാകാരന്മാരുമൊക്കെയേ
സാധാരണയായി
ഇവിടെ
കുടിയേറിപ്പാര്‍ക്കാറുള്ളൂ…
ഒരു വേള,
ഈ പാവം തുരുത്തില്‍
വാറ്റ് ചാരായം വരെ കാച്ചാറുണ്ടെന്നു
ലക്ഷണശാസ്ത്ര പ്രകാരം
ചിലര്‍ ആരോപിച്ചു കളയാറുണ്ട്…
എന്തിന്,
അവിടെ വെള്ളമോ വെളിച്ചമോ വായുവോ
വാര്‍ത്തയോ വോട്ടോ വരെ
വൈകിയാണ് എത്താറ്…
അവിടുത്തെ ആണ്‍കുട്ടികള്‍ ചൂണ്ടയിടുകയും
പാവാടക്കാരികള്‍
തുന്നല്‍ പഠിക്കാന്‍ പോവുകയും
ആണുങ്ങള്‍ പന്നിമലര്‍ത്തല്‍ കളിക്കുകയും
പെണ്ണുങ്ങള്‍ കമ്പിപ്പുസ്തകം വായിക്കുകയും
വേലിക്കല്‍ നിന്നും അമര്‍ത്തിച്ചിരിക്കുകയും
ഒരു ഇറച്ചിക്കറി മണംകൊണ്ട്
എല്ലാ വീടുകളിലേയും കുഞ്ഞുങ്ങള്‍ക്ക്
ഓരോ ഉരുള ചോറ്
ഒരുമിച്ചു വാരിക്കൊടുക്കുകയും
വെയിലാറുമ്പോള്‍
ഒന്നിന് പിറകെ ഒന്നൊന്നായിരുന്നു
പേന്‍ നോക്കുകയും
ഒരുത്തി മാത്രം അടുക്കള വാതിലില്‍
ആരെയോ കാത്തു നില്‍ക്കുകയും വരെ ചെയ്യാറുണ്ട്…
മഴ വരുമ്പോള്‍
ഒരു വീട്ടിലെ അയലില്‍ നിന്നും
അടുത്ത വീട്ടിലെ ടീ ഷര്‍ട്ടും
അതിനടുത്ത വീട്ടിലെ ചുരിദാര്‍ ഷാളും
ഒരുമിച്ചോടിപ്പോയി
വേറേതോ വീട്ടിലെ
തേയിലപ്പെട്ടിയില്‍
ഒരുമിച്ചു പുണര്‍ന്നു കിടന്നീര്‍പ്പം മാറുകയും ചെയ്യാറുണ്ട്…
വെയിലു വരുമ്പോള്‍
ഓരോ ഉണക്കമീനിനും ഒരു പാടു പൂച്ചകള്‍
കാവലിരിക്കാറുണ്ട്…
മഞ്ഞുകാലത്ത് കരിയിലകള്‍
പിന്നാമ്പുറത്ത് കത്തിയെരിയുകയും
എല്ലാ കുട്ടികളുടെയും ചുണ്ടുകള്‍
വിണ്ടു കീറുകയും
എല്ലാ വീട്ടിലും വെളിച്ചെണ്ണ കട്ടയാവുകയും
വേനല്‍ക്കാലത്ത്
ഓരോ പെണ്ണിന്റെയും വിയര്‍പ്പ് മണം
ഓരോരോ സുഗന്ധമായി,
വിരുന്നുവന്ന
അമ്മാവിയുടെ മകനെയോ
അക്കചിയുടെ ഇളയച്ചനെയോ വരെ
വിടാതിരിക്കുകയും വരെ ചെയ്യാറുണ്ട്…
ആരേലും മരിച്ചാല്‍
റേഡിയോ പാട്ടും പരസ്യവും ചേര്‍ത്ത്
ഓരോന്നോക്കെപ്പറഞ്ഞു കാലാട്ടിയിരിക്കാരുണ്ട്…
ആര്‍ക്കേലും പ്രസവ വേദന വന്നാല്‍
എല്ലാവരും ഒരേ തോണിക്കാരന് വേണ്ടി
കൂവി വിളിക്കുകയും
ഓരോ കൂവലും അക്കരെപ്പോയി
ഇക്കരേക്ക് തിരിച്ചു വന്ന്
വിളക്കൂതിക്കെടുതുകയും വരെ ചെയാറുണ്ട്…
ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല…!!!