Tuesday, November 16, 2010

പരോള്‍




ഓണത്തപ്പാ,
ചവിട്ടിതാഴ്ത്പ്പെടുമ്പോള്‍
ആണ്ടിലൊരിക്കലെങ്കിലും
തിരിച്ചു വരാനുള്ള
സ്വാതന്ത്ര്യം
നിനക്കുണ്ടായിരുന്നു.


ഞങ്ങളിങ്ങനെ
താഴ്ന്നു താഴ്ന്നു പോവുമ്പോള്‍,
ജീവിതത്തിലേക്ക്
ഒരു പരോള്‍ ദിനമെങ്കിലും
ഉണ്ടാവുമോ...?

പൂച്ച


കലമുടച്ചിട്ടും
കുറുകേ ചാടിയിട്ടും
കണ്ണടച്ചു പാല് കുടിച്ചിട്ടും
നാലു കാലില്‍ വീണിട്ടും
എപ്പോഴും
കണ്ണ് കെട്ടാതെ
നീയെന്നെ നാടു കടത്തുന്നത്
എന്നെങ്കിലും
നിന്നിലേക്ക്‌ തന്നെ
തിരിച്ചു വരാനല്ലേ...?


രണ്ടക്ഷരമുള്ള
നിന്റെ പേര്
തര്‍ജ്ജമ ചെയ്ത്
ഞാന്‍ നിന്നെ
മ്യാവൂ എന്നു വിളിച്ചാല്‍
സുഹുര്‍തെ,
നീയെന്നെ തിരിച്ചറിയുമോ...?

Monday, November 15, 2010

സംശയം


മീനുകള്‍ കരയുന്നതിനെ
വേലിയേറ്റമെന്നും
കരയാതിരിക്കുന്നതിനെ
വേലിയിറക്കമെന്നും
പറയാമോ...?

ആപ്ത വാക്യം


മതമേതായാലും
വടിവാള് നന്നായാല്‍ മതി...

ബ്ലേഡ്




ബാല മംഗളത്തിലെ
ഡിങ്കന്റെ ചിത്രം വെട്ടിയെടുത്ത്
ദൈവങ്ങള്‍ക്കൊപ്പം
വെയ്ക്കുവാന്‍...


കടലാസ് പെന്‍സില്‍
ലേഖയുടെ മിഴിമുനപോലെ കൂര്‍പ്പിച്ച്
അവന്മാരുടെ തുടയില്‍ കുത്തുവാന്‍


ടൂറിനു പോയി വരുമ്പോള്‍
മുന്‍ സീറ്റിലിരുന്ന സോഫിയ ടീച്ചര്‍
വേദനിച്ചെന്നു
കള്ളച്ചിരിയോടെ പറഞ്ഞപ്പോള്‍,
നഖം സ്വപ്നത്തിലെന്ന പോലെ
മുറിച്ചു മാറ്റുവാന്‍,
ഒക്കെ,നീ കൂട്ടുണ്ടായിരുന്നു.


ആദ്യമായി ഷേവ് ചെയ്തതിനു ശേഷം
ടിപ്പു സുല്‍ത്താന്റെ വാള് പോലെ
എന്‍റെ കയ്യിലിരുന്ന്
തിളങ്ങിയ ബ്ലേടെ;
ഇന്ന് നിന്നെ കയ്യിലെടുക്കുമ്പോള്‍
എന്തൊരു കനം.


ജീവിതത്തിലേക്കും
മരണത്തിലെക്കുമുള്ള
പാതകള്‍ പോലെ
ഞരമ്പുകള്‍
ചുട്ടു പൊള്ളി നില്‍ക്കുമ്പോള്‍
ഒന്ന് തൊടുകയേ വേണ്ടൂ...


എന്നിട്ടാണോ
നീയിങ്ങനെ വിറക്കുന്നത്‌...?

സ്വാതന്ത്ര്യം


ഓഗസ്റ്റ്‌ പതിനഞ്ച്,
ചെയ്യാത്ത കുറ്റത്തിന്
ഇരുട്ട് മുറികളിലടക്കപ്പെട്ട
പതാകകള്‍
പരോളിലിറങ്ങും...

പ്രതീക്ഷ


നിനക്കു നല്‍കുവാനെടുത്ത
പനി നീര്‍പ്പൂവാണ്
ബന്ധങ്ങളുടെ ശവക്കൂനക്കുമേല്‍
ഞാനിന്നലെ വലിച്ചെറിഞ്ഞത്.


നിന്നോടു മാത്രം
പറയുവാന്‍ സൂക്ഷിച്ച
മൊഴികളാണ്
ഞാനിന്നലെ
ഭ്രാന്തന്
അക്ഷരമാലയായി
ചൊല്ലിക്കൊടുത്തത്.


നിന്നെ തൊടാനാഞ്ഞ
വിരലുകളാണ്
ജീവന്‍റെയവസാന താളവും വായിച്ച്
ഇന്നലെ
തീവണ്ടിപ്പാതയില്‍
നിശ്ചലമായത്...


എന്‍റെ സ്വപ്നങ്ങളെപ്പോലെ,
പാതി വിടര്‍ച്ചയില്‍
നിലാവില്‍ നിന്നിരുക്കപ്പെട്ട
കുടമുല്ലപ്പൂക്കളാവും
നീയിന്ന് ചൂടിയിട്ടുണ്ടാവുക.


എനിക്കുറപ്പുണ്ട്,
കഴിഞ്ഞുപോയ വസന്തകാലത്തെക്കുറിച്ച്
ഒരു പൂവെങ്കിലും
നിന്നെയോര്‍മിപ്പിക്കുമെന്ന്...

ഒന്ന്


ഒറ്റക്കാണ്‌ നില്‍പ്പ്,
ആരെയാണ്
കാക്കുന്നതെന്നറിയില്ല...


എങ്കിലും
പിരിഞ്ഞു പോവാന്‍
ആരുമില്ലല്ലോയെന്ന
ആശ്വാസവും
കൂടിച്ചേരാന്‍
ആരെങ്കിലും
വരുമാല്ലോയെന്നുള്ള
പ്രതീക്ഷയും മാത്രമുണ്ട്...

ഉപ്പ്


സ്വാതന്ത്ര്യത്തെക്കുറിചോര്‍ക്കുമ്പോള്‍
ആദ്യം
നിന്നെയാണ് ഓര്‍മ വരിക...


എങ്കിലും
ഒരു തരിയധികമാവാന്‍
നിനക്കുള്ള സ്വാതന്ത്ര്യം
എപ്പോഴും
ഉപഭോക്താവിനെ
ആശ്രയിച്ചിരിക്കുന്നുവല്ലോ...?

ആല്‍ബം


മരിച്ചവര്‍
അകന്നു പോയവര്‍...


എടുത്തു മാറ്റാനാവാത്തത്ര
ഭാരമുള്ള
കൈകളാല്‍
എന്‍റെ തോളില്‍
മുറുകെപ്പിടിച്ചു നിക്കുന്ന
ഇടം...

തണുപ്പ്


തണുത്തതൊക്കെയും
'മനുഷ്യന്‍'
വീണ്ടും
ചൂടാക്കി ഉപയോഗിക്കുന്നു...


മനുഷ്യന്‍ മാത്രം
ഒന്ന് തണുത്ത് പോയാല്‍
ആര്‍ക്കും വേണ്ടാതാവുന്നത്
എന്തു കൊണ്ടാണ്...?

പുളി


കാണുന്നില്ല
തൊടുന്നില്ല


എന്നിട്ടും
ഓര്‍ക്കുമ്പോഴോക്കെയും
എന്നുള്ളില്‍ നിന്ന് തന്നെ വന്ന്
നീയെന്‍റെ വരള്‍ച്ചയെ
അകറ്റുന്നുവല്ലോ...?

മഴ പെയ്യുമ്പോള്‍...




മഴക്കോട്ടെടുക്കാന്‍ മറന്ന
പൂവന്‍ കോഴി
ഉമ്മറത്തേക്ക് കയറി നിന്ന്
ഒന്ന് കുടഞ്ഞ്‌
ആകെ നനഞ്ഞെന്നു
കൊക്കിപ്പാറും...


മാളങ്ങളില്‍
വെള്ളപ്പോക്കാമെന്ന് വിതുമ്പി
ഉറുമ്പുകള്‍
വരി വരിയായി ധര്‍മത്തിന് വരും.


പാറ്റ,തവള,നീര്‍ക്കോലി
ജീവ ചക്രം ഉരുളുന്നതിന്റെ
പ്രയാസതെപ്പറ്റി
വയറ്റതടിച്ച് പാട്ട് പാടും.


മിണ്ടാപ്പൂച്ച
വീതനപ്പുറത്തെ ചൂട് തിന്ന്,
ഉടഞ്ഞ കലം നോക്കി
നെടു വീര്‍പ്പിടും.


തോരാനിട്ട തുണികള്‍
തണുത്ത് വിറച്ച്
ചുണ്ടുകള്‍ കൂട്ടിയിടിച്ച്
വെയിലു വരാന്‍ പ്രാര്‍ഥിക്കും.


പടിയിലിട്ട ചെരുപ്പ്
മഴ വെള്ളത്തില്‍
ആരോടും മിണ്ടാതെ
ഊര് ചുറ്റാന്‍ പോവും.


കാറ്റ് ദിക്ക്‌ കാണിക്കും
മിന്നല്‍ വഴി തെളിക്കും...

സംസ്കാരം


പൊതു മേഖലയില്‍
ഒരിക്കലും
പൂട്ടിപ്പോവാത്തതും
സ്വകാര്യ മേഖലയില്‍
എല്ലായ്പ്പോഴും
തകര്‍ന്നടിയുന്നതുമായ
ഒരു വൈരുദ്ധ്യാത്മക വ്യവസായം...!

യുവര്‍ ചോയ്സ്


ഹലോ,ഒരു പാട്ട് വേണമല്ലോ...
'ഏതു പാട്ടാ വേണ്ടേ'...?


ഒരു പഴേ പാട്ട്...
ജന ഗണ മന...!

Sunday, November 14, 2010

വസന്തമേ...


ഒരു മുല്ലപ്പൂ മണം കൊണ്ട്
അവളുടെ
മധു വിധു രാത്രിയെ
ഓര്‍മ്മിപ്പിക്കുവാന്‍
നിനക്ക് കഴിയും...


പക്ഷെ;
നിരാശാ ഭരിതനായ
ഒരു കാമുകന്‍റെ ആത്മഹത്യയെ
ഓര്‍മിപ്പിക്കുവാന്‍
നിന്‍റെ കയ്യില്‍
ഏതു പൂവുണ്ട്...???

Saturday, November 13, 2010

ആണി


കറുത്തവന്‍...
എപ്പോഴും
അടിച്ചമര്‍തപ്പെടുന്നവെന്‍...


നിങ്ങളുടെ
ഉറപ്പുകള്‍ക്കിടയില്‍
എന്നും
തുരുമ്പിച്ചു തീരുന്ന
അറിയപ്പെടാത്ത ദലിതന്‍...

തുളസി




എല്ലാവരും
തലയില്‍ വെച്ച് നടന്നപ്പോഴും
ഞാന്‍ മാത്രമല്ലേ
ഹൃദയത്തിലെറ്റിയത്...?


അത് കൊണ്ടല്ലേ
ഒമ്പതാം ക്ലാസ് ബി യില്‍
നീ തോറ്റപ്പോള്‍
ഞാന്‍ മാത്രം
ആരും കാണാതെ
കരഞ്ഞത്...?

ബ്രാഞ്ച് കമ്മറ്റി കഴിഞ്ഞ രാത്രിയുടെ രാവിലെയില്‍...


അമ്മച്ചിക്കും പൂവാലിപ്പശുവിനും
രണ്ടു ചവിട്ട് അധികം കിട്ടും...

സൊസൈറ്റിയില്‍ കൊടുക്കാനുള്ള അമ്പത്‌ പൈസ തിരഞ്ഞ്‌
ഇച്ചായന്റെ മേശപ്പുറത്തെ
ബുക്കട്ടിയാകെ തകിടം മറിക്കും...

ചേട്ടത്തിയുടെ മനോരമയെടുത് അടുപ്പിലിടും...

ഇളയതിന്റെ പേന്‍ ചീര്‍പ്പെടുത്ത്‌
ദൂരെക്കളയും...

വല്യമ്മച്ചിയുടെ വാതില്
പൊളിയാന്‍ പാകത്തിന് വലിച്ചടക്കും...!

അപ്പന്റെപ്പന്റെ ഫോട്ടോക്ക് കീഴെ നിന്ന്
സ്വന്തം ഉള്ളം കയ്യില്‍
ഇടിച്ച്‌ ചുവപ്പിക്കും...!!!

എന്നെ മാത്രം വെറുതേ വിടും...

പൊടി പ്രായത്തിലേ
'ചുവന്നു'പോയതിന്റെ സ്നേഹമാണ്...

മേശ വലിപ്പീന്ന് ചോന്ന കൊടിയെടുത്,
മേല്‍ കമ്മറ്റിയുടെ
സ്ഥിരം മറുപടിയുടെയോ
താക്കീതിന്ടെയോ ശബ്ദത്തിലല്ലാതെ
കിതച്ചുകൊണ്ട്
കയ്യില്‍ തന്നു പറയും;

"അപ്പനൊന്നും പറഞ്ഞില്ല കൊച്ചേ,
ചാത്താ പുതപ്പിക്കാനുള്ള ചോപ്പാ...
മുറുകെപ്പിടിക്കണ"മെന്ന്...!!!

എന്‍റെ കയ്യയഞ്ഞു പോവല്ലെയപ്പാ,
എന്‍റെ കയ്യഞ്ഞു പോവല്ലെയപ്പാന്നു,
അപ്പന്റെ കുഴിമാടത്തില്‍ ചെന്നല്ലാതെ
എവിടെച്ചെന്ന് മുട്ടിപ്പായി പ്രാര്ത്ഥിക്കാനാണ് അപ്പാ...???

അപ്പന്‍ തന്നെ പറയപ്പാ...അപ്പന്‍ തന്നെ പറ...!!!

പ്രണയം


ഭാവിയില്‍
ധരിച്ചു നോക്കുമ്പോള്‍
ചിരി വരും കോമാളി വേഷങ്ങള്‍
ആവോളമേകിയ
അശാന്തി തന്‍ തയ്യല്‍പ്പുര...!

ആകാശമേ...




ഒരു കഴുക്കൊല് പോലുമില്ലാതെ
ഇത്ര മേല്‍ വലിയോരു
മേല്ക്കൂരയായ് നിന്നെ
താങ്ങി നിര്‍തുന്നതേതു
തച്ചു ശാസ്ത്രം...???

കരട്


ചൂലായിപ്പോയ
നട്ടെല്ലുകളെയോര്‍ത്ത്
ഓലക്കൊടികള്‍ക്ക്
അസ്തിത്വ ദുഃഖം തോന്നാറുണ്ടോ...?


അവയുടെ ശാപം കൊണ്ടാവുമോ
എത്രയടിച്ചു വാരിയിട്ടും
എന്‍റെ മാര്‍ബിള്‍ തറയില്‍
വീണ്ടും വീണ്ടും
കരടുകള്‍
കുമിഞ്ഞു കൂടുന്നത്...???

തീവ്ര വാദി

ഉമ്മയുടെ
ഓട്ട ഹൃദയത്തിന്
ഓപ്പറേഷന്‍ നടത്തി...


മയ്യത്തായ
ഉപ്പയുടെ ആഗ്രഹം പോലെ,
ബ്ലാക്കില്‍ ടിക്കറ്റെടുത്
വല്ല്യുമ്മയെ
ഹജ്ജിനയച്ചു...!!!



പെങ്ങളെ കഷ്ടപ്പെട്ട്കെട്ടിച്ചയച്ചു...
(പാതിരാ വരെ "വയള്" കേട്ടാലും
നൂറും "ഡാഷും"ഉണ്ടായാലും
ഒരു ലക്ഷോം കൂടി ഇല്ലെങ്കില്‍ഒരു തെണ്ടിയും
കൊണ്ടു പോവില്ലല്ലോ...???)


പള്‍സര്‍
ബൈക്കെടുത്തു...
നോക്കിയാ എന്‍ 70 തന്നെ വാങ്ങി.
ജിവിതം
മൊത്തമായും
"പിടിച്ചു"വരുമ്പോഴേക്കും
"ട്ടോ"...!!!



കരച്ചില് പോലൊരു
പൊട്ടിച്ചിരിയും കൊണ്ട്,
പണ്ട്
ലുങ്കിയും മാക്സിയും ചുരിദാര്‍ പീസും
അടിപ്പാവാടയും
വിറ്റ് നടന്നിരുന്നവന്‍,
മഞ്ഞിലേക്ക് ചാഞ്ഞ്
പിറന്ന നാടിനെ നോക്കി
മരവിച്ച ചുണ്ടിലൊരു പാട്ട് കോര്‍ത്തു...


"നാളി കേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്"...!!!


പാട്ട്
അതിര്‍ത്തിയില്‍ കുരുങ്ങി
ക്ലിയരന്‍സിനായി
കാത്തു കിടന്നു...!!!

പോസ്റ്റ്‌ കാര്‍ഡ്‌


ദുരൂഹമായൊന്നുമില്ലെന്നു ചൊല്ലി
സുതാര്യമാമെന്‍ ജീവിതത്തെ
ചവറ്റു കുട്ടയിലെക്കെരിഞ്ഞിടല്ലേ,
ഉത്തരാധുനികനാമെന്നെഡിറ്റ്റെ...

കളയല്‍


ഒരാളെയെങ്കിലും
സ്നേഹിച്ചുകളയണമെന്നതിനാല്‍
ഞാനെപ്പോഴും
നിന്നെ മാത്രം
സ്നേഹിച്ചു 'കളയുന്നു'...!

പതാക



ഒരു പതാകയുണ്ട്...


കണ്ണീരിനാല്‍ വെളുപ്പിച്ചത്...
ചോരയാല്‍ അടയാളം വെച്ചത്...
മരിച്ചാലും പിടിവിടാത്തത്...


പിന്നെങ്ങിനെയാണ്‌ സഖാവേ,
നാം ഒറ്റയാവുന്നത്..???

പല്ല്


എന്നുമിങ്ങനെ,
വെറുതേ
തേച്ചു മിനുക്കിയിട്ടെന്തു കാര്യം...???


ചതതിനെയല്ലാതെ
ജീവനുള്ളതിനെയെന്നെങ്കിലും
നീ ഇന്നേ വരെ
തൊട്ടിട്ടുണ്ടോ...???

ചലം


ചോരയോ,കണ്ണീരോ അല്ലാതെ;
വിയര്‍പ്പോ,ഉമിന്നീരോ,മൂത്രമോ അല്ലാതെ,
പീളയോ,ചീരാപ്പോ,ചെപ്പിയോ അല്ലാതെ,
വല്ലപ്പോഴും ഒലിചിരങ്ങിയിരുന്ന
ഒന്നായിരുന്നു അത്...



ഫസ്റ്റ് ബെല്ലടിക്കുന്നതിനു മുമ്പ്
വിക്രമന്‍ മാഷുടെ
ചൂരലിനേപ്പെടിച്ചു
ഓടെടാ ഒട്ടമോടുന്നതിനിടക്ക്
ചരല്‍ വഴിയില്‍ തെറിച്ചു നിന്നിരുന്ന
കരിങ്കല്ലില്‍ കൊണ്ടോ,



സുമയുടെ കല്യാണ തലേന്ന്
അരയ്ക്കാനുള്ള അമ്മി കൊണ്ട് വന്നിടുമ്പോള്‍
സ്വയം കാലില്‍ വീഴ്ത്തി
പിടഞ്ഞു പിന്മാറിയതിനുശേഷമോ,



കല്യാണി അമ്മയുടെ
പൊളിഞ്ഞു വീഴാറായ ഓല വീട്
മേഞ്ഞു കൊടുക്കുന്നതിനിടയില്‍
ആര് തരച്ചതില്‍പ്പിന്നെയോ,



അരിയും മണ്ണെണ്ണയും
നേരത്തിനു കിട്ടാഞ്ഞ കാലത്ത്
താലൂക്കോഫീസിലേക്ക് നടത്തിയ മാര്ചിനിടക്ക്
പോലീസുകാരന്‍ കുത്തിയ
ലാത്തിപ്പാടിന്നോടുവിലോ
നീറലായി, നൊമ്പരമായി
ആശ്വാസമായി,പകയായി കല്ലിച്ചു നിന്നിരുന്ന
ഒരടയാളമായിരുന്നു അത്...



ഞാനെന്നെ
വല്ലാതെ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
എന്‍റെ ജീവനില്‍ നിന്നും
ചലമോലിക്കാതെയായത്‌.



കുത്തിപ്പഴുത്ത അനുഭവങ്ങളില്‍ നിന്നും
കവിത പോലെ
അറിയാതെ ചീറ്റിയ വാക്കുകളായിരുന്നു ചലം...



രണ്ടും വറ്റി തുടങ്ങിയിരിക്കുന്നു...
നിസ്സാരരും നിസ്സഹായരുമായ
പ്രാനികള്‍ക്കല്ലാതെ
മറ്റൊന്നിനും
ഇവയെ
ഉള്‍ക്കൊള്ളാനാവാതെ വന്നിരിക്കുന്നു...!!!

പച്ച




വേദനിക്കുമ്പോള്‍
പച്ചയിലേക്ക്
നോക്കിയാല്‍ മതിയത്രേ...


പക്ഷെ,
എന്‍റെ പ്രണയത്തിന്
കണ്ണില്ലല്ലോ...?

ആഴം


മുങ്ങി നിവര്‍ന്ന്
വിശുധനാവാന്‍
മരണത്തെക്കാള്‍
ആഴമുള്ള നദികളുണ്ടോ...?

ചിരവ


മോങ്ങാനിരിക്കുമ്പോള്‍
തലയില്‍ തേങ്ങ വീണു ചത്ത
ഏതു നായയുടെ
ഫോസിലാണ് ചിരവ...???


ഒരുപാടു വീര്യമുള്ള
പ്രതിഷേധം കൊണ്ടാവുമോ
എത്രയടക്കി നിര്‍ത്തിയിട്ടും
ചിരവ
തേങ്ങ കാണുമ്പോഴെല്ലാം
കുരയ്ക്കുകയും മുരളുകയും
ചെയ്തു പോവുന്നത്...???

കുട


അകം പുറം മറഞ്ഞ്
ഒക്കെയും വെളിപ്പെടുത്താന്‍
ഒരിളം കാറ്റ് മതിയായിരുന്നു...


എന്നിട്ടും
വന്നില്ലല്ലോ
നീയേ വഴി ഒരിക്കലും...???

മൊഴി


മുഖം തന്നെ
ഒരനാവശ്യമായി
കരുതുന്നത് കൊണ്ട്
മുഖം മൂടിയെക്കുറിച്ച്
ഓര്‍ക്കാറില്ല...

നക്ഷത്രങ്ങള്‍


കൊഴിഞ്ഞു വീണ പാല്‍പ്പല്ലുകള്‍
ചാണകത്തില്‍ പുരട്ടി
ഇത്ര ഉയരത്തിലേക്കെരിഞ്ഞത്
ഏതു കുഞ്ഞാവാം...???

ചില കുടുംബ ചിത്രങ്ങള്‍


അച്ഛന്‍,
മഴയത്തും വെയിലത്തും
മാറാത്ത ഭംഗി...
വില്ലോടിഞ്ഞിട്ടും
ഞങ്ങളുടെ തലകള്‍ക്ക് മുകളില്‍
രക്ഷാ കവചമായി
തളര്‍ന്നു നില്ല്ക്കുന്ന കുട.


അമ്മ,
വഴുതലില്‍ നിന്നും സംരക്ഷണം...
ഏതു നിമിഷവും
വാറ് പൊട്ടാവുന്ന രീതിയില്‍
ജീവിതം തുടരുമ്പോഴും
വേദനകളിലമര്‍ന്നു
കല്ലും മുള്ളും കൊള്ളിക്കാതെ
ഞങ്ങളുടെ കാലുകല്‍ക്കുവേണ്ടി
തേഞ്ഞു തീരുന്ന ചെരുപ്പ്.


മക്കള്‍,
നോ ചെയിഞ്ച്...
അത്യാവശ്യത്തിനു
അച്ഛനും അമ്മയ്ക്കും
ധൈര്യത്തോടെ
മാറ്റിയെടുക്കാനാവാത്ത
കള്ള നോട്ടുകള്‍.


ബന്ധങ്ങള്‍,
അതെല്ലാം മറന്നേക്കു...
ആവശ്യമുള്ളപ്പോള്‍ മാത്രം
വാലാട്ടി വരുന്ന
ചാവാലിപ്പട്ടികള്‍...

കിണര്‍


ആഴത്തില്‍ വെച്ച
ജലക്കണ്ണാടി
എന്നേയുടഞ്ഞു...


വരണ്ട മണ്ണില്‍
നിസ്സംഗതയുടെ പുറ്റ്.


കാക്ക കൊതിയിട്ട പാത്രത്തില്‍
നെറ്റിയില്‍ പൊട്ടുള്ള മീനിന്‍റെ
അസ്ഥികൂടം...


ഓര്‍മകളുടെ ഈര്‍പ്പത്തില്‍
താഴേയ്ക്കുനോക്കി
ഒരു കൂവല്‍...


തിരിച്ചു വന്നത്
ഉള്ളുടഞ്ഞ നിലവിളി...

Friday, November 12, 2010

വഴി


പിണക്കമാണത്രേ
മുമ്പ് വന്നപ്പോഴൊക്കെയും
വഴി തടഞ്ഞതിനാല്‍...


ഇനി വരില്ലത്രേ
വരേണ്ട വഴിയൊക്കെയും
കണ്ണുനീര്‍ മറന്നു പോയെന്ന്‍...

ചുവന്ന കവിത


തെക്കു നിന്നും
വടക്കോട്ടോഴുകിയ
പ്രളയ ജലത്തില്‍
ഒരാലില...


മരിച്ചിട്ടും
മലര്‍ന്ന് കിടന്നു ചിരിക്കുന്നു
ഏറമ്പാല "കൃഷ്ണന്‍" നായനാര്‍...

ഒച്ച


കത്തി മൂര്‍ച്ച കൂട്ടുന്നതിന്‍
ഒച്ച കേട്ടോടിയെതും
പൂച്ചയെപ്പോള്‍,


അരി ചേരുന്നതിന്‍
ഒച്ച കേട്ടോടിയെതും
കോഴിയേപ്പോള്‍


ഒച്ചയില്ലാതൊരു
കവിതയെഴുതുമ്പോള്‍
വാക്കോടിയെതുന്നതെത്
തൊടിയില്‍ നിന്നാവാം...???

Thursday, November 11, 2010

കോഴി


നന്നായി
മെരുങ്ങുകയെന്നാല്‍
എപ്പോഴും
ഇരയാവേണ്ടി വരിക
എന്നു തന്നെയാണര്‍ത്തമെന്ന്
എന്‍റെ ജീവിതം
സാക്ഷ്യപ്പെടുത്തുന്നു...

അവതാരം




വേനല്‍ക്കാലത്ത്
വിജനതയില്‍
ഒറ്റയ്ക്കു കളിക്കാന്‍ പോയ കുഞ്ഞ്
ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ്
മരിച്ചു...


കുഞ്ഞ്
വലിയ പണക്കാരനായി
എന്നെന്കിലുമോരിക്കല്‍
മാരുതിക്കാറില്‍ തിരിച്ചു വരുമെന്ന്
തിരഞ്ഞ്‌ തിരഞ്ഞ്‌
കാലുകടഞ്ഞ പുറം ലോകം
പ്രതീക്ഷിച്ചു...


മഴക്കാലത്ത്
കിണറും തൊടിയും പാടവും നിറഞ്ഞ്
വെള്ളം വീട്ടിലേക്കു വിരുന്നെതിയപ്പോള്‍
മീനായി വന്ന കുഞ്ഞിന്‍റെ
പുനര്‍ ജന്മത്തെ
ആരും തിരിച്ചറിഞ്ഞില്ല...


കണ്ണീരുപോലെ തെളിഞ്ഞ
മഴ വെള്ളത്തില്‍ നിന്ന്,
പണ്ട്
കളിക്കാന്‍ പോയ കുഞ്ഞിന്
തല തുടച്ചു കൊടുത്തിരുന്ന
തോര്‍ത്തു മുണ്ടു കൊണ്ട്
അച്ഛനും അമ്മയും ചേര്‍ന്ന്
ഇളയ കുഞ്ഞിനായി
മീന്‍ പിടിച്ചു.


അത്
ചില്ല്കുപ്പിയില്‍ നിന്ന്
എപ്പോഴും അനിയന്
ഉമ്മ കൊടുക്കാന്‍ ശ്രമിച്ചു...


പക്ഷെ;
അവര്‍ രണ്ടു ലോകതായത് കൊണ്ടാവാം
അനിയന്‍
ഒന്നും തിരിച്ചറിഞ്ഞില്ല...

Friday, November 5, 2010

രാവിലെ


രാത്രി
മഴ പെയ്താല്‍
കുരുവിക്കുട്
കാണിക്കാമെന്നു പറഞ്ഞ്
രാവിലെ
അനിയത്തിയെ
ചാമ്പക്കാ മരത്തിന്‍റെ
ചുവട്ടിലേക്ക്‌
കൊണ്ടു പോണം...


പാതി വിടര്‍ന്ന മിഴികളോടെ
അവള്‍
മുകളിലേക്ക് നോക്കുമ്പോള്‍
വിരിഞ്ഞിറങ്ങാരായ
ഒരായിരം മഴത്തുള്ളികളെ
കുരുവിക്കുഞ്ഞുങ്ങളാക്കി
അവള്‍ക്കു നേരെ
പറത്തി വിടണം...

Thursday, November 4, 2010

മിട്ടായി




ഉടുത്തതൊക്കെയും
അഴിച്ചു വാങ്ങി നീ
ഉടലാകെയും
അടിച്ചു മാറ്റിയില്ലേ...???

Wednesday, September 22, 2010

യാത്ര

പണ്ട്
നാടുവിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു;
'ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്‍റെ
ഐശ്വര്യം'എന്ന്...

ഇന്ന്
തിരിച്ചുവരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു;
'ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്‍റെ
ഐശ്വര്യം'എന്ന്...

കാടാമ്പുഴ ഭഗവതി
ഏതു സ്റ്റോപ്പിലാണ്
ഇറങ്ങിപ്പോയത്..?

സമാധാനം

തോക്ക് ചൂണ്ടി
അവര്‍ ഞങ്ങളോട്
സമാധാനത്തെക്കുറിച്ച് പറഞ്ഞു ;

വേണ്ടി വന്നാല്‍
കാഞ്ചി
പിന്‍വലിയ്ക്കാന്‍ വരെ
തയ്യാറാണെന്ന് ...

സ്നേഹം

കൈ കോര്‍ത്ത്‌
മുറുകെപ്പിടിച്ചത്
നിന്നോടുള്ള
സ്നേഹം കൊണ്ടായിരുന്നില്ല;

നീയൊരിക്കലും
എന്നേക്കാള്‍
മുമ്പിലെത്താതിരിയ്ക്കാനായിരുന്നു...