Saturday, November 13, 2010

ബ്രാഞ്ച് കമ്മറ്റി കഴിഞ്ഞ രാത്രിയുടെ രാവിലെയില്‍...


അമ്മച്ചിക്കും പൂവാലിപ്പശുവിനും
രണ്ടു ചവിട്ട് അധികം കിട്ടും...

സൊസൈറ്റിയില്‍ കൊടുക്കാനുള്ള അമ്പത്‌ പൈസ തിരഞ്ഞ്‌
ഇച്ചായന്റെ മേശപ്പുറത്തെ
ബുക്കട്ടിയാകെ തകിടം മറിക്കും...

ചേട്ടത്തിയുടെ മനോരമയെടുത് അടുപ്പിലിടും...

ഇളയതിന്റെ പേന്‍ ചീര്‍പ്പെടുത്ത്‌
ദൂരെക്കളയും...

വല്യമ്മച്ചിയുടെ വാതില്
പൊളിയാന്‍ പാകത്തിന് വലിച്ചടക്കും...!

അപ്പന്റെപ്പന്റെ ഫോട്ടോക്ക് കീഴെ നിന്ന്
സ്വന്തം ഉള്ളം കയ്യില്‍
ഇടിച്ച്‌ ചുവപ്പിക്കും...!!!

എന്നെ മാത്രം വെറുതേ വിടും...

പൊടി പ്രായത്തിലേ
'ചുവന്നു'പോയതിന്റെ സ്നേഹമാണ്...

മേശ വലിപ്പീന്ന് ചോന്ന കൊടിയെടുത്,
മേല്‍ കമ്മറ്റിയുടെ
സ്ഥിരം മറുപടിയുടെയോ
താക്കീതിന്ടെയോ ശബ്ദത്തിലല്ലാതെ
കിതച്ചുകൊണ്ട്
കയ്യില്‍ തന്നു പറയും;

"അപ്പനൊന്നും പറഞ്ഞില്ല കൊച്ചേ,
ചാത്താ പുതപ്പിക്കാനുള്ള ചോപ്പാ...
മുറുകെപ്പിടിക്കണ"മെന്ന്...!!!

എന്‍റെ കയ്യയഞ്ഞു പോവല്ലെയപ്പാ,
എന്‍റെ കയ്യഞ്ഞു പോവല്ലെയപ്പാന്നു,
അപ്പന്റെ കുഴിമാടത്തില്‍ ചെന്നല്ലാതെ
എവിടെച്ചെന്ന് മുട്ടിപ്പായി പ്രാര്ത്ഥിക്കാനാണ് അപ്പാ...???

അപ്പന്‍ തന്നെ പറയപ്പാ...അപ്പന്‍ തന്നെ പറ...!!!

No comments:

Post a Comment