Saturday, November 13, 2010

ചലം


ചോരയോ,കണ്ണീരോ അല്ലാതെ;
വിയര്‍പ്പോ,ഉമിന്നീരോ,മൂത്രമോ അല്ലാതെ,
പീളയോ,ചീരാപ്പോ,ചെപ്പിയോ അല്ലാതെ,
വല്ലപ്പോഴും ഒലിചിരങ്ങിയിരുന്ന
ഒന്നായിരുന്നു അത്...



ഫസ്റ്റ് ബെല്ലടിക്കുന്നതിനു മുമ്പ്
വിക്രമന്‍ മാഷുടെ
ചൂരലിനേപ്പെടിച്ചു
ഓടെടാ ഒട്ടമോടുന്നതിനിടക്ക്
ചരല്‍ വഴിയില്‍ തെറിച്ചു നിന്നിരുന്ന
കരിങ്കല്ലില്‍ കൊണ്ടോ,



സുമയുടെ കല്യാണ തലേന്ന്
അരയ്ക്കാനുള്ള അമ്മി കൊണ്ട് വന്നിടുമ്പോള്‍
സ്വയം കാലില്‍ വീഴ്ത്തി
പിടഞ്ഞു പിന്മാറിയതിനുശേഷമോ,



കല്യാണി അമ്മയുടെ
പൊളിഞ്ഞു വീഴാറായ ഓല വീട്
മേഞ്ഞു കൊടുക്കുന്നതിനിടയില്‍
ആര് തരച്ചതില്‍പ്പിന്നെയോ,



അരിയും മണ്ണെണ്ണയും
നേരത്തിനു കിട്ടാഞ്ഞ കാലത്ത്
താലൂക്കോഫീസിലേക്ക് നടത്തിയ മാര്ചിനിടക്ക്
പോലീസുകാരന്‍ കുത്തിയ
ലാത്തിപ്പാടിന്നോടുവിലോ
നീറലായി, നൊമ്പരമായി
ആശ്വാസമായി,പകയായി കല്ലിച്ചു നിന്നിരുന്ന
ഒരടയാളമായിരുന്നു അത്...



ഞാനെന്നെ
വല്ലാതെ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
എന്‍റെ ജീവനില്‍ നിന്നും
ചലമോലിക്കാതെയായത്‌.



കുത്തിപ്പഴുത്ത അനുഭവങ്ങളില്‍ നിന്നും
കവിത പോലെ
അറിയാതെ ചീറ്റിയ വാക്കുകളായിരുന്നു ചലം...



രണ്ടും വറ്റി തുടങ്ങിയിരിക്കുന്നു...
നിസ്സാരരും നിസ്സഹായരുമായ
പ്രാനികള്‍ക്കല്ലാതെ
മറ്റൊന്നിനും
ഇവയെ
ഉള്‍ക്കൊള്ളാനാവാതെ വന്നിരിക്കുന്നു...!!!

No comments:

Post a Comment