
അമ്പലം കാണുമ്പോള്‍
എനിയ്ക്കു നല്ലതു വരുത്തണേ
എന്നു പ്രാര്‍ഥിക്കുന്നത് മാത്രമല്ല;
ചീറിപ്പായുന്ന ആമ്പുലന്‍സ് കാണുമ്പോള്‍
അതിലുള്ളവന് ആയുസ്സ് നീട്ടിക്കൊടുക്കണേ
എന്നു കൂടി പ്രാര്ഥിക്കുന്നതാണ്...!
ഉടലിലെ
ദ്വീപാണ് മറുക്…
കവികളും കാമുകന്മാരും
കലാകാരന്മാരുമൊക്കെയേ
സാധാരണയായി
ഇവിടെ
കുടിയേറിപ്പാര്ക്കാറുള്ളൂ…
ഒരു വേള,
ഈ പാവം തുരുത്തില്
വാറ്റ് ചാരായം വരെ കാച്ചാറുണ്ടെന്നു
ലക്ഷണശാസ്ത്ര പ്രകാരം
ചിലര്‍ ആരോപിച്ചു കളയാറുണ്ട്…
എന്തിന്,
അവിടെ വെള്ളമോ വെളിച്ചമോ വായുവോ
വാര്‍ത്തയോ വോട്ടോ വരെ
വൈകിയാണ് എത്താറ്…
അവിടുത്തെ ആണ്‍കുട്ടികള്‍ ചൂണ്ടയിടുകയും
പാവാടക്കാരികള്‍
തുന്നല്‍ പഠിക്കാന്‍ പോവുകയും
ആണുങ്ങള് പന്നിമലര്‍ത്തല്‍ കളിക്കുകയും
പെണ്ണുങ്ങള് കമ്പിപ്പുസ്തകം വായിക്കുകയും
വേലിക്കല് നിന്നും അമര്‍ത്തിച്ചിരിക്കുകയും
ഒരു ഇറച്ചിക്കറി മണംകൊണ്ട്
എല്ലാ വീടുകളിലേയും കുഞ്ഞുങ്ങള്‍ക്ക്
ഓരോ ഉരുള ചോറ്
ഒരുമിച്ചു വാരിക്കൊടുക്കുകയും
വെയിലാറുമ്പോള്‍
ഒന്നിന് പിറകെ ഒന്നൊന്നായിരുന്നു
പേന്‍ നോക്കുകയും
ഒരുത്തി മാത്രം അടുക്കള വാതിലില്‍
ആരെയോ കാത്തു നില്‍ക്കുകയും വരെ ചെയ്യാറുണ്ട്…
മഴ വരുമ്പോള്‍
ഒരു വീട്ടിലെ അയലില്‍ നിന്നും
അടുത്ത വീട്ടിലെ ടീ ഷര്‍ട്ടും
അതിനടുത്ത വീട്ടിലെ ചുരിദാര്‍ ഷാളും
ഒരുമിച്ചോടിപ്പോയി
വേറേതോ വീട്ടിലെ
തേയിലപ്പെട്ടിയില്‍
ഒരുമിച്ചു പുണര്‍ന്നു കിടന്നീര്പ്പം മാറുകയും ചെയ്യാറുണ്ട്…
വെയിലു വരുമ്പോള്‍
ഓരോ ഉണക്കമീനിനും ഒരു പാടു പൂച്ചകള്‍
കാവലിരിക്കാറുണ്ട്…
മഞ്ഞുകാലത്ത് കരിയിലകള്‍
പിന്നാമ്പുറത്ത് കത്തിയെരിയുകയും
എല്ലാ കുട്ടികളുടെയും ചുണ്ടുകള്‍
വിണ്ടു കീറുകയും
എല്ലാ വീട്ടിലും വെളിച്ചെണ്ണ കട്ടയാവുകയും
വേനല്‍ക്കാലത്ത്
ഓരോ പെണ്ണിന്റെയും വിയര്‍പ്പ് മണം
ഓരോരോ സുഗന്ധമായി,
വിരുന്നുവന്ന
അമ്മാവിയുടെ മകനെയോ
അക്കചിയുടെ ഇളയച്ചനെയോ വരെ
വിടാതിരിക്കുകയും വരെ ചെയ്യാറുണ്ട്…
ആരേലും മരിച്ചാല്‍
റേഡിയോ പാട്ടും പരസ്യവും ചേര്‍ത്ത്
ഓരോന്നോക്കെപ്പറഞ്ഞു കാലാട്ടിയിരിക്കാരുണ്ട്…
ആര്‍ക്കേലും പ്രസവ വേദന വന്നാല്‍
എല്ലാവരും ഒരേ തോണിക്കാരന് വേണ്ടി
കൂവി വിളിക്കുകയും
ഓരോ കൂവലും അക്കരെപ്പോയി
ഇക്കരേക്ക് തിരിച്ചു വന്ന്
വിളക്കൂതിക്കെടുതുകയും വരെ ചെയാറുണ്ട്…
ഒരു മറുകില്‍ കുടുങ്ങിപ്പോയാല്‍
ഒരു ദ്വീപില്‍ കുടുങ്ങിയ പോലെ
അത്ര പെട്ടന്നൊന്നും പുറത്തു കടക്കാനാവില്ല…!!!