
വീട്ടിലെ
പഴയ വാതിലില്‍
ചെവി ചേര്‍ത്തു വെച്ചാല്‍
കേള്‍ക്കാം
ചില ശബ്ദങ്ങള്‍...
വിത്ത്
വിണ്ടു കീറുന്നതിന്റെ,
വേരുകളിലൂടെ
വെള്ളം
തണ്ടുകളിലേക്ക്
വിരുന്നു പോവുന്നതിന്റെ,
ഇലകള്‍,പൂവുകള്‍,കായകള്‍
വിരിയുന്നതിന്റെ,കൊഴിയുന്നതിന്റെ....
ഇലകള്‍
വെയിലില്‍
കിതക്കുന്നതിന്റെ,
മഴയില്‍ വിറക്കുന്നതിന്റെ,
മഞ്ഞില്‍ ഉമ്മ വെക്കുന്നതിന്റെ,
കാറ്റില്‍ പൊട്ടിച്ചിരിക്കുന്നതിന്റെ,
നിലാവില്‍ നക്ഷത്രങ്ങളെന്നുന്നതിന്റെ,
ഇരുളില്‍ കിടന്നുരുളാതെ
പതിയെ കൂര്‍ക്കം വലിക്കുന്നതിന്റെ,
പുഴുക്കള്‍ മൌന ജാഥ പോവുന്നതിന്റെ,
പുളിയനുരുമ്പുകള്‍ റൂട്ട് മാര്‍ച്ചു നടത്തുന്നതിന്റെ,
പശു കെട്ടഴിക്കാന്‍ നോക്കുന്നതിന്റെ,
കുയിലുകള്‍ പാട്ട് പാടുന്നതിന്റെ,
കുട്ടികള്‍ ഊഞ്ഞാലാടുന്നതിന്റെ,
കമിതാക്കള്‍ നഖ മുനകള്‍ കൊണ്ട്
പ്രണയ ലേഖനമെഴുതുന്നതിന്റെ,
തൂങ്ങിച്ചാവുന്നവന്‍ കൈ കാലിട്ടടിക്കുന്നതിന്റെ,
മഴു വീഴുന്നതിന്റെ,
ഈര്‍ച്ച വാള്‍ കയറിയിറങ്ങുന്നതിന്റെ,
ചിപ്ലി വലിക്കുന്നതിന്റെ...
അങ്ങിനെയങ്ങിനെ
മരം
വാതിലാവുന്നതിന്റെ,
അടയാത്ത
തഴുതിട്ടു പൂട്ടാനാവാത്ത
ശബ്ദങ്ങള്‍...
പുതിയ വാതിലുകളില്‍
ചെവിയെത്ര ചേര്‍ത്താലും
ഒരനക്കവുമറിയുന്നില്ല...
പോളിഷ് പാടകള്‍ക്കടിയില്‍ക്കിടന്ന്
ശബ്ദങ്ങള്‍
ഇട നെഞ്ചിലെ
പുറത്തു വരാനാവാത്ത
വിതുമ്പല്‍ പോലെ
ശ്വാസം മുട്ടുന്നുണ്ടാവുമോ...?
No comments:
Post a Comment