Wednesday, November 17, 2010

ചൂണ്ട


പാലത്തിനു മുകളില്‍
കൊറ്റിയെപ്പോലെ
ഏകാഗ്രമായി
താഴേക്കുനോക്കി
ഒരാള്‍...


തൊണ്ടയില്‍ കുരുങ്ങിയ ചൂണ്ട
വേര്പെടുത്തിത്തരൂയെന്ന്‍
വേദനയുടെ ഭാഷയില്‍
ഒരു മീന്‍,
പിടഞ്ഞു പിടഞ്ഞു പറയുന്നത്
അര്‍ത്ഥം ചോര്‍ന്നു പോവാതെ,
വിരലില്‍ ചുറ്റിയ നൂല്‍
അയാളിലേക്ക്
കൃത്യമായി
തര്‍ജ്ജമ ചെയ്യുന്നു...


പെട്ടന്ന്
ചീറി വന്ന വാഹനം
അയാളെ
ചതച്ചരച്ച്
കൈ വരികള്‍ക്കിടയിലൂടെ
പുഴയിലെക്കൊരിരയായിട്ടു കൊടുക്കുന്നു...


കൈ വിരലില്‍ നിന്നും
അറ്റ് പോവാത്ത നൂലുമായി
അയാള്‍
മീനിനോടൊപ്പം...


അതേ പുഴയുടെ ഏതോ കടവില്‍
അയാളുടെ അമ്മ മുഖം കഴുകുമ്പോള്‍
അറിയാതെയിറക്കിപ്പോയ
ഒരു തുള്ളി വെള്ളം
ചൂണ്ടത്തണ്പ്പ് പോലെ
അവരുടെ തൊണ്ടയില്‍
തറച്ചു നില്‍ക്കുന്നു...

No comments:

Post a Comment