Wednesday, November 17, 2010

ജപ്തി


പടിയിറങ്ങിക്കൊടുക്കാന്‍ നേരം
അമ്മ
തെക്കെത്തൊടിയില്‍ നിന്ന്
അച്ഛന്‍റെ കാലില്‍ പുരണ്ട
ഒരു പിടി മണ്ണു വാരി
മാറോടണയ്ക്കും...


കരയുമെന്ന് തീര്‍ച്ചയായാല്‍
കോഴിക്കൂടടക്കാന്‍ മറന്നെന്ന്
കാലമോര്‍ക്കാതെ ചൊല്ലി
പിടഞ്ഞു പിന്‍വാങ്ങും...


അനിയത്തി
അവസാനത്തെ ചെമ്പകപൂവിറിത്
ഹായ് എന്തു മണമെന്നു പറഞ്ഞ്
മുടിയിലൊളിപ്പിക്കാന്‍ ശ്രമിക്കും...


അതിലെ കണ്ണുനീര്‍
മഞ്ഞു തുള്ളിയെന്ന് പറഞ്ഞ്
അയല്‍ക്കാര്‍ക്ക് കാണിക്കും...


ഞാന്‍
ആരും ജപ്തി ചെയ്യാത്ത
നൊമ്പരങ്ങളുടെ
പലിശയും കൂട്ട് പലിശയും
വഴിക്കണക്കായി കണ്ടെടുക്കും...

No comments:

Post a Comment