Monday, November 22, 2010

സെക്കന്‍റ് ഷോ


ഇടവഴിയില്‍
മരണത്തിന്‍റെ അപാരമായ തണുപ്പിനെ
തൊട്ടു കാണിച്ച്
അണലി
നീണ്ടു നീണ്ടു പോവുന്ന ജീവിത നാടകത്തെ
കളിയാക്കും.


വേലിപ്പടര്‍പ്പിലെ മിന്നാ മിന്നാ മിനുങ്ങുകള്‍
അവളുടെ കണ്ണുകളെയോര്‍മിപ്പിക്കും...


പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയൊന്നുമില്ലാത്ത
വവ്വാല്‍
തല കീഴായും ചെരിഞ്ഞും മറിഞ്ഞുമൊക്കെപ്പറന്ന്
സ്വാതന്ത്ര്യത്തെക്കുറിച്ച് ചിലച്ച്
ഇലക്ട്രിക്‌ ലൈനില്‍
കത്തിക്കരിയും.


നരച്ച റോഡിന്
കാറ്റില്‍ വീണ പൈന്‍ പൂവുകള്‍
വെളുത്ത കസവ് തുന്നുന്നത് കാണാം.
മഞ്ഞിലലിഞ്ഞുയരുന്ന മാദക സുഗന്ധം
ഏതു യക്ഷിയുടെ വിയര്‍പ്പാവുമെന്ന് ചിന്തിയ്ക്കും.


പ്‌രാന്തത്തിപ്പാറു
ആരും വലിച്ചു കൊണ്ട് പോവാതിരിക്കാന്‍
പീടികത്തിണ്ണയെ മുറുകെപ്പുണരും.


തെരുവ് മതിലില്‍
വെള്ളം ചേര്‍ത്ത നിറത്താല്‍
സഖാക്കളെഴുതേണ്ടി വരുന്നത് കാണുമ്പോള്‍
തണുപ്പിലും തൊണ്ട വരളും.



ഇരിപ്പിടത്തിലെ മാന്യതയെക്കുറിച്ച്
എഴുതിക്കാണിക്കുമ്പോള്‍
അടുത്തിരിക്കുന്നവന്‍
മുമ്പിലിരിക്കുന്നവളുടെ പാദസരം
കൊളുത്തി വലിയ്ക്കും.
രണ്ടറ്റങ്ങളിലിരിക്കുന്ന കമിതാക്കള്‍
മുടി മാടുന്ന പോലെ നടിച്ച്
മനസ്സ് കൈ മാറും.


കരയുന്ന കുഞ്ഞിനെയെടുത്ത്
ഒരുവന്‍
കടല മിട്ടായി വാങ്ങാന്‍ പോവും.


കുടിയന്‍ വാസു
അവാര്‍ഡു മോഹമൊന്നുമില്ലാതെ
പുതിയ തിരക്കഥകള്‍ രചിക്കും...


തിരിച്ചു നടക്കുമ്പോള്‍
കരവുകാരി ശാന്തെടത്തിയുടെ
അടുക്കള വാതില്‍ കരയുന്നതും
പലിശക്കാരന്‍ അണ്ണാച്ചിയുടെ
നിഴല്‍ രൂപം
അകത്തേക്ക് കയറിപ്പോവുന്നതും കാണും.


വീട് ഉറങ്ങിയിട്ടുണ്ടാവും.
ആരെയും ഉണര്‍ത്തരുത്‌.
രാവിലെ
അനിയത്തി കഥ ചോദിയ്ക്കും...
പറയണം;
സിനിമ
ജീവിതത്തോളം വരില്ലെന്ന്...!

4 comments:

  1. ഞാന്‍ കവിത വായന ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. വായിക്കാന്‍ സുഗമുണ്ട്.

    ReplyDelete
  2. വീട് ഉറങ്ങിയിട്ടുണ്ടാവും.
    ആരെയും ഉണര്‍ത്തരുത്‌.
    രാവിലെ
    അനിയത്തി കഥ ചോദിയ്ക്കും...
    പറയണം;
    സിനിമ
    ജീവിതത്തോളം വരില്ലെന്ന്...!

    ഉഷാര്‍!!!!!!

    ReplyDelete
  3. കവിതയുടെ കരുതലില്ലാത്ത മാഷന്മാരുടെ ഇടപെടലിൽ,അപ്പർ പ്രൈമറിക്കു മുൻപേ തന്നെ കവിത ഉണങ്ങിപ്പോയിരുന്നു. ഇപ്പോൾ അതു തളിർക്കുന്നു എന്നൊരു സന്ദേഹം. അതെ ചില കവിതകൾ കാന്തിക ശക്തി പ്രകടിപ്പിക്കുന്നു;എന്നെ പോലെയുള്ള കവിതാ വിരോധികളായ ഇരുമ്പുകളെ വലിച്ചടുപ്പിക്കാൻ....! പ്‌രാന്തത്തിപ്പാറു
    ആരും വലിച്ചു കൊണ്ട് പോവാതിരിക്കാന്‍
    പീടികത്തിണ്ണയെ മുറുകെപ്പുണരും. കൊളുത്തി വലിച്ചു കളഞ്ഞു ഈ വരികൾ.

    ReplyDelete