Monday, November 22, 2010

ചിരട്ടകള്‍


കണ്ണും മൂക്കും വായും തുറക്കും മുമ്പേ
മരണത്തിലേക്ക് പിച്ച വെച്ചു പോയ
കുഞ്ഞുങ്ങളുടെ തലയോട്ടികള്‍ പോലെ
ചിരട്ടകള്‍.


കയ്യിലെടുത്തു മുഖത്തോടു ചേര്‍ത്താല്‍
പൊക്കിള്‍ക്കൊടിയിലൂടെ
ഈമ്പി വലിച്ച
പാല്‍ത്തുള്ളികളുടെ മണം
വിടരാത്ത ചുണ്ടുകളില്‍ നിന്നും
നമ്മുടെ മൂക്കുകളിലേക്ക് കയറുമോ...?


മണ്ണപ്പം ചുട്ടതും
ചോറും കറിയും വെച്ചതും
ചിരട്ടകളില്‍...
ഉണ്ടില്ലെങ്കിലും നമ്മളുണ്ടാക്കിയ വിഭവങ്ങള്‍ക്ക്
എന്തൊരു രുചിയായിരുന്നു ...?
ഒരിക്കലും
നമ്മുടെ അടുപ്പുകള്‍ പുകയാതിരുന്നില്ല.


പാദസരമിട്ട
നിന്‍റെ വെളുത്ത കാലുകളില്‍
ഞാന്‍ പൊട്ടിച്ച പടക്കത്തോടൊപ്പം വന്ന
ചിരട്ടച്ചീളുകള്‍
ഉമ്മ വെച്ചതിന്‍ നീലിച്ച പാടുകള്‍...


നേരിട്ട് തരാന്‍ കഴിയാതിരുന്ന
പ്രണയക്കുറിപ്പുകള്‍
നിന്‍റെ വേലിക്കരികിലെ
ചിരട്ടകല്‍ക്കടിയില്‍ക്കിടന്ന്‌
എന്‍റെ തലച്ചോറ് പോലെ തിളച്ചു മറഞ്ഞു.


നിന്‍റെ പേരു കൊത്തി നീ തന്ന മോതിരം
ഒരു ചിരട്ടത്തുണ്ടിനാല്‍...



നിന്‍റെ കല്ല്യാണത്തിനു തലേന്ന്‌
ഞാന്‍ തന്ന കളിപ്പാവയും
ചിരട്ടയാല്‍ തീര്‍ത്തത്...!


എനിക്കു വേണ്ടി
ഞാനൊരുക്കിയ ചിതയില്‍
നമുക്ക് പിറക്കാതെ പോയ
കുഞ്ഞുങ്ങളുടെ മുഖമുള്ള
ചിരട്ടകള്‍...



അവ നമ്മെ നോക്കി
നിര്‍ത്താനാവാതെ നിലവിളിക്കുന്നത്
നീ കേള്‍ക്കുന്നുണ്ടോ...?

1 comment:

  1. നട്ടപ്പാതിരാത്രി എഴുതിയ ഈ കവിത വായിക്കേണ്ടത് കഥാപാത്രത്തിന്റെ മാതാപിതാക്കളാണെന്നു തോന്നുന്നു- കക്ഷിയെ പിടിച്ച് കെട്ടിക്കാമെങ്കിൽ തീരുന്ന പ്രശ്നമേയുള്ളൂ .ബാക്കിയെല്ലാം ഓള് ചിരട്ടയിലാക്കിക്കൊള്ളും

    ReplyDelete